Breaking News

ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

 ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍




ഉഷ്ണ തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചവെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം ഏര്‍പ്പെടുത്തുന്നതായി അദേഹം പറഞ്ഞു.

മെയ് 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവന്‍ തൊഴിലിടങ്ങളിലും കര്‍ശന പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടയ്ക്ക് വിലയിരുത്താനും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

No comments