Breaking News

ധ്രുവ് റാട്ടി, ഇന്ത്യയുടെ ഏകാംഗ പ്രതിപക്ഷം

 ധ്രുവ് റാട്ടി, ഇന്ത്യയുടെ ഏകാംഗ പ്രതിപക്ഷം




ചിലർക്ക് ധ്രുവ് റാട്ടി എന്ന ചെറുപ്പക്കാരൻ ഒന്നിനെയും ഭയക്കാത്ത സാമൂഹിക പ്രവർത്തകനാണ്. മറ്റു ചിലർക്ക് വ്യവസ്ഥിതിയെ നിരന്തരം വിഷമ സന്ധിയിലാക്കുന്ന കുഴപ്പക്കാരൻ. ഒരു പതിറ്റാണ്ട് കാലമായി സമാനതകളില്ലാത്ത ഏകാംഗ പോരാളിയായി, അല്ലെങ്കിൽ ഇന്ത്യൻ പ്രതിപക്ഷ ശബ്ദമായി നിരന്തരം ഉയർന്നു കേൾക്കുന്നതാണ് ധ്രുവ് റാട്ടിയുടെ നിലപാടുകൾ. എന്നാൽ സമീപകാലത്ത് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത് “ഇന്ത്യ ഏകാധിപത്യത്തിലേക്കോ ?” എന്ന വീഡിയോയിലൂടെ ആയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മറാഠി, കന്നട, തെലുഗു, തമിഴ്, ബംഗാളി എന്നീ 5 ഭാഷകളിൽ അദ്ദേഹം പുതിയ യൂട്യൂബ് ചാനലുകൾ ആരംഭിച്ചത്. ഇവയെല്ലാം അദ്ദേഹത്തിന്റെ വൈറൽ വീഡിയോയുടെ ഡബ്ബ് ചെയ്ത വേർഷനുകൾ ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് 1.3 ലക്ഷം സബ്സ്ക്രൈബർമാരെ നേടിക്കൊടുത്ത വീഡിയോ ആയിരുന്നു ഇത്.

ഹരിയാനയിലെ റോത്തക്കിൽ ഒരു മധ്യവർഗ കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. ഇപ്പോൾ 29 വയസ്സാണ് പ്രായം. 2011ൽ ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്മെൻ്റിൻ്റെ ഭാഗമാകുന്നത് വരെ രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് ലവലേശം ധാരണ ഉണ്ടായിരുന്നില്ല എന്നാണ് ഇദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്. ആ അർത്ഥത്തിൽ അണ്ണാ ഹസാരെയും അരവിന്ദ് കെജരിവാളുമായിരുന്നു ധ്രുവ് റാട്ടിയെന്ന ചെറുപ്പക്കാരനെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. അന്ന് കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ. പക്ഷേ ആ പാർട്ടിയോട് യാതൊരു അനുഭാവവും ഈ ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം പുറത്തുവിട്ട ഒരു വീഡിയോയിൽ ഇദ്ദേഹം തന്നെ പറയുന്നത്, താൻ 100 ശതമാനവും കോൺഗ്രസുകാരൻ അല്ല എന്നാണ്.

ജർമ്മനിയിൽ ജീവിക്കുന്ന മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി എന്നാണ് സ്വന്തം വെബ്സൈറ്റിൽ തന്നെക്കുറിച്ച് ഇദ്ദേഹം എഴുതിയിട്ടുള്ളത്. യൂട്യൂബ് എഡ്യൂക്കേറ്റർ, ആക്ടിവിസ്റ്റ്, ട്രാവൽ വ്ലോഗർ എന്നും ഉള്ള വിശേഷണങ്ങൾക്കൊപ്പം വ്യത്യസ്ത വിഷയങ്ങളിലെ സങ്കീർണമായ പ്രശ്നങ്ങളെ ലളിതമായും ലക്ഷ്യബോധത്തോടെയും അവതരിപ്പിക്കുന്നു എന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉന്നതനിലവാരമുള്ള സത്യസന്ധമായ വിവരങ്ങൾ ഹിന്ദിയിൽ അവതരിപ്പിക്കപ്പെടാത്തതുകൊണ്ടാണ് മാതൃഭാഷയായ ഹിന്ദി വീഡിയോയ്ക്ക് വേണ്ടി തിരഞ്ഞെടുത്തതെന്നാണ് ദ ഫ്രണ്ട്ലൈന്‍ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ യാതൊരു അതിർവരമ്പുകളും ഇല്ലാതെ രാഷ്ട്രീയം പറയുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രധാന യൂട്യൂബ് ചാനലിന് 18 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള ഒന്നാക്കി മാറ്റിയത്.

2014 മുതലാണ് ഇദ്ദേഹം യൂട്യൂബ് കണ്ടൻ്റ് രംഗത്തേക്ക് കടക്കുന്നത്. അന്ന് ജർമ്മനിയിൽ വിദ്യാർത്ഥിയായിരുന്നു. ട്രാവൽ വ്ളോഗുകളിലൂടെ ആയിരുന്നു തുടക്കം. ആ പേജ് 50000 സബ്സ്ക്രൈബ്ർമാർ എന്ന നാഴിക കല്ല് പിന്നിടാൻ എടുത്തത് മൂന്നുവർഷം. എന്നാൽ അപ്പോഴേക്കും ഉള്ളടക്കത്തിന്റെ ഗതി കുറേക്കൂടി രാഷ്ട്രീയ വിഷയങ്ങൾ ആക്കി അദ്ദേഹം മാറ്റിയിരുന്നു. വ്ളോഗിങ് തുടങ്ങി രണ്ടുവർഷം ആയപ്പോഴേക്കും ധ്രുവ് ബിജെപി ഭരണകൂടത്തിന്റെ നിരന്തര വിമർശകനായി മാറി. സർജിക്കൽ സ്ട്രൈക്ക്, അന്ധ ഭക്തരും അവരുടെ യുക്തിയും, ഇവിഎം ഹാക്കിംഗ്, യോഗി ആദിത്യനാഥിന് പിന്നിലെ യാഥാർത്ഥ്യം തുടങ്ങിയ നിരവധി വീഡിയോകൾ ഇതിനോടകം പുറത്തുവന്നു.

ബിജെപി ഐടി സെൽ പാർട്ട് 2 എന്ന അദ്ദേഹത്തിന്റെ വീഡിയോക്കെതിരെ 2018ൽ ബിജെപി പ്രവർത്തകർ പോലീസിൽ പരാതിപ്പെട്ടു. എന്നാൽ ആ ചെറുപ്പക്കാരൻ ഭയപ്പെട്ട് പിന്മാറിയില്ല. ഫാക്ട് ചെക്കിംഗ് വീഡിയോകളിലേക്കും മുഖ്യധാര മാധ്യമ ചാനലുകളെ നിശിതമായി വിമർശിക്കുന്ന പീ ന്യൂസ്‌ എന്ന ആക്ഷേപഹാസ്യ പരിപാടിയും അദ്ദേഹം തുടങ്ങി. എന്നാൽ ഈ സെഗ്മെന്റ് ഇപ്പോൾ അദ്ദേഹത്തിന്റെ വീഡിയോ പ്ലേ ലിസ്റ്റുകളിൽ കാണാനില്ല. ആക്ഷേപ ഹാസ്യകാരൻ ആകാശ് ബാനർജി, യൂട്യൂബർമാർ, മാധ്യമപ്രവർത്തകർ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ദ് ധ്രുവ് റാട്ടി ഷോ അദ്ദേഹം ആരംഭിച്ചു.

തന്റെ വീഡിയോകൾ കാണാൻ കൂടുതൽ പ്രേക്ഷകർ എത്തിത്തുടങ്ങിയതോടെ കൂടുതൽ കാമ്പുള്ള ഉള്ളടക്കങ്ങൾ കണ്ടെത്താൻ 12 പേരോളം അടങ്ങുന്ന ഒരു ഗവേഷണ വിഭാഗത്തെ അദ്ദേഹം ചുമതലപ്പെടുത്തി. രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കൊപ്പം വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയാം, ചൈനീസ് നിർമ്മിത ഉത്പന്നങ്ങളെ എങ്ങനെ തിരിച്ചറിഞ്ഞ് വേണ്ടെന്നു വയ്ക്കാം, പുഴകളെ എങ്ങനെ സംരക്ഷിക്കാം, ഒരു ജോലി നേടാനുള്ള ഏഴു കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലേക്ക് കൂടി അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചു. എന്നാൽ ഈ ചാനലുകളിലെ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്ക് തന്നെയാണ് ഇപ്പോഴും ഏറെ ആരാധകരുള്ളത്. ഏറ്റവും ഒടുവിൽ ഈ ഗണത്തിൽ പുറത്തുവന്ന ഇന്ത്യ ഏകാധിപത്യത്തിലേക്കോ എന്ന വീഡിയോ ഇതിനോടകം 23 ദശലക്ഷം പേരാണ് കണ്ടത്. ഇന്ത്യയിലെ പ്രതിപക്ഷ നിരയിലുള്ള നേതാക്കളെക്കാൾ കൂടുതൽ ശക്തമായാണ് ഇദ്ദേഹം ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്ന് അഭിപ്രായപ്പെടുന്നവർ ഏറെയുണ്ട്. മറ്റൊരു രാജ്യത്തിന്റെ സംരക്ഷണയിൽ ഇരുന്ന് ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ ആർക്കും ഉണ്ടാക്കാം എന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. ബിരുദ പഠനത്തിനായി ജർമ്മനിയിലേക്ക് പോയ ഇദ്ദേഹം വർഷങ്ങളായി ഇവിടെ തന്നെയാണ് താമസം. ഈയിടെ വിയന്നയിൽ വെച്ച് തന്റെ ദീർഘകാല കാമുകി ജൂലിയെ വിവാഹവും കഴിച്ചു.

യാതൊരു നടപടിയും നേരിടാതെ അല്ല ഇദ്ദേഹം മുന്നോട്ടു പോകുന്നത്. 2022 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ, ഇമ്രാൻ ഖാന്റെ തിരഞ്ഞെടുപ്പ് തോൽവി വിശകലനം, പാക്കിസ്ഥാനിലെ രാഷ്ട്രീയ കൊടുങ്കാറ്റ് എന്ന വിഷയത്തിലുള്ള വീഡിയോ ഇന്ത്യയിൽ വിലക്കിയിരുന്നു. ഇന്ത്യ പാക്ക് അതിർത്തികൾ സംബന്ധിച്ച് ഉള്ളടക്കത്തിൽ തെറ്റായ വിവരങ്ങൾ നൽകി എന്നുള്ളതായിരുന്നു കാരണം. എന്നാൽ ധ്രുവ് റാട്ടി അനുകൂലികളെ സംബന്ധിച്ച് അദ്ദേഹം ഇന്ത്യയിൽ അല്ല എന്നുള്ളത് ഒരു പരിഗണനാ വിഷയം പോലുമല്ല. ജർമനിയിൽ ആണെങ്കിലും അദ്ദേഹം അത് പറയുന്നുണ്ടല്ലോ എന്നുള്ളതാണ് ചോദ്യം. ഉള്ളടക്കത്തിന്റെ കാര്യത്തിലോ പുതിയ വസ്തുതകൾ നിരത്തുന്നതിലോ പുതിയ പാത വെട്ടി തെളിക്കുകയല്ല ഇദ്ദേഹം ചെയ്യുന്നത്. എന്നാൽ ഒന്നിനെയും ഭയക്കാത്ത തന്റെ വ്യക്തിത്വത്തിലൂടെ പൊതുജനത്തിന്റെ ശ്രദ്ധ അവർക്ക് മുന്നിലുള്ള വിവരങ്ങളിലേക്കും വിശദാംശങ്ങളിലേക്കും തിരിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. ബിജെപിയെ മാത്രം കേന്ദ്രീകരിച്ച് ആക്രമിക്കുന്നുവെന്ന് ചിലപ്പോഴെങ്കിലും കുറ്റപ്പെടുത്താമെങ്കിലും, റാട്ടി, ജനാധിപത്യ ഇന്ത്യയിൽ മുഖ്യധാര മാധ്യമങ്ങൾ പ്രവർത്തിക്കാതെ ഒഴിച്ചിട്ട ഭരണകൂട വിമർശകന്റെ സ്ഥാനമാണ് ഏറ്റെടുത്തിരിക്കുന്നത്.

താൻ പ്രവർത്തിക്കുന്നത് സ്വതന്ത്രമായാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പണം വാങ്ങുന്നില്ലെന്നും ഈയിടെ ആകാശ് ബാനർജിയുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന പാർട്ടി തനിക്ക് സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തുവെന്നും എന്നാൽ താനത് നിരസിച്ചു എന്നും അദ്ദേഹം ഇതേ അഭിമുഖത്തിൽ പറയുന്നുണ്ട്. നാല് വർഷം മുൻപ് മറ്റൊരു വീഡിയോയിൽ അടുത്ത 10 വർഷത്തേക്ക് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആലോചിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിരന്തരം പ്രധാന വിഷയങ്ങളിൽ സംസാരിച്ചുകൊണ്ട് പൊതുജനത്തിന്റെ ശ്രദ്ധയും ബോധ്യവും തിരുത്തുക എന്നതിൽ കേന്ദ്രീകരിച്ചു മുന്നോട്ടുപോവുകയാണ് അദ്ദേഹം.

No comments